This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആദില്‍ഷാഹി വംശം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ആദില്‍ഷാഹി വംശം

ഡെക്കാനിലെ ബാഹ്മനിവംശത്തിന്റെ പതനത്തിനുശേഷം ബിജാപ്പൂര്‍ ഭരിച്ച രാജവംശം. 1489 മുതല്‍ 1686 വരെ ബിജാപ്പൂര്‍ ഒരു സ്വതന്ത്രരാജ്യമായി നിലനിന്നു. യൂസുഫ് ആദില്‍ഖാനായിരുന്നു ഈ വംശത്തിന്റെ സ്ഥാപകന്‍. ബാഹ്മനി മന്ത്രിയായ ബഹമൂദ്ഗവാന്റെ ഒരടിമയായിരുന്നു യൂസുഫ്. പടിപടിയായി ഇദ്ദേഹം ബാഹ്മനിഭരണകൂടത്തിലെ പ്രമുഖപദവികളിലേക്ക് ഉയര്‍ന്നു; തുടര്‍ന്ന് ഇദ്ദേഹം ദൗലത്താബാദിലെ ഗവര്‍ണറായി. ബാഹ്മനി രാജ്യത്തിന്റെ വിഭജനത്തിനു വഴിതെളിച്ച ആഭ്യന്തരകലാപങ്ങളുടെ പിന്നിലെ ഒരു ശക്തിയായിരുന്നു ഇദ്ദേഹം. 1489-ല്‍ ഇദ്ദേഹം സുല്‍ത്താനായി എന്നു ചരിത്രകാരനായ ഫിരിഷ്ത രേഖപ്പെടുത്തുന്നു. എന്നാല്‍ വേറെ ചില മുസ്ലിം ചരിത്രകാരന്‍മാര്‍ക്ക് വ്യത്യസ്താഭിപ്രായമാണുള്ളത്. ഒട്ടോമന്‍ (ഉസ്മാനിയ) സുല്‍ത്താനായ മുറാദ്(1404-51)ന്റെ പുത്രനാണ് ഇദ്ദേഹമെന്നും, അടുത്ത സുല്‍ത്താനും ജ്യേഷ്ഠസഹോദരനുമായ മുഹമ്മദ് II (1432-81)-ാമനില്‍നിന്ന് രക്ഷപ്പെടുത്താനായി മാതാവ് യൂസുഫിനെ സാവയിലെ ഒരു വണിഗ്വരനായ ഖ്വാജാ ഇമാദുദീനെ ഏല്പിച്ചുവെന്നും അദ്ദേഹം കുട്ടിയെ വിദ്യയഭ്യസിപ്പിച്ചുവെന്നുമാണ് അവരുടെ അഭിപ്രായം. കാലക്രമേണ ഇദ്ദേഹം ഇന്ത്യയിലെത്തി മഹമൂദ് ഗവാന്റെ കീഴില്‍ സേവനം ആരംഭിച്ചു. ഷിയാമത വിശ്വാസിയായ ആദ്യത്തെ ഇന്ത്യന്‍ ഭരണാധികാരിയാണ് യൂസുഫ് ആദില്‍ഷാ. ഇദ്ദേഹത്തിന്റെ ഭരണകാലം (1489-1510) മുഴുവനും അയല്‍രാജ്യങ്ങളിലെ മുസ്ലിം ഭരണാധികാരികളെയും വിജയനഗരരാജാക്കന്‍മാരെയും എതിര്‍ക്കാനാണ് ചെലവഴിച്ചത്. ഈ കാലത്താണ് പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലെത്തി അവരുടെ ആദ്യത്തെ അധിനിവേശ കേന്ദ്രമായ ഗോവ സ്ഥാപിച്ചത്.

യൂസുഫ് ആദില്‍ഷായുടെ പിന്‍ഗാമികളുടെയും ആദില്‍ ഷാഹി വംശത്തിലെ രാജാക്കന്‍മാരുടെയും പേരുവിവരം താഴെകൊടുക്കുന്നു.

മുഗളരുടെ ആഗമനത്തോടെ ഡെക്കാനിലെ രാഷ്ട്രീയാന്തരീക്ഷം അവ്യവസ്ഥിതമായിത്തീര്‍ന്നു. ഡെക്കാനിലെ മുസ്ലിം രാജ്യങ്ങളും വിജയനഗരസാമ്രാജ്യവുമായി നിരന്തരം യുദ്ധം തുടര്‍ന്നു. എന്നാല്‍ 1564-ല്‍ നാലു മുസ്ലിം രാജ്യങ്ങള്‍ സംയുക്തമായി ചേര്‍ന്ന് തളിക്കോട്ടയുദ്ധത്തില്‍ വിജയനഗരത്തെ തോല്പിച്ചതോടെ ആ ഭിഷണി ഇല്ലാതായി. ഇബ്രാഹിം II-ന്റെ ഭരണകാലത്താണ് ബിജാപ്പൂരിന്റെ പ്രതാപം അതിന്റെ അത്യുച്ചാവസ്ഥയിലെത്തിയത്. ഷാജഹാന്റെ കാലംവരെ (1592-1666) ബിജാപ്പൂരിന്റെ നേര്‍ക്ക്, നേരിട്ടുള്ള മുഗള്‍ ആക്രമണങ്ങള്‍ ഉണ്ടായില്ല. ഡെക്കാനിലെ മുസ്ലിംരാജ്യങ്ങള്‍ കീഴടക്കി മുഗള്‍സാമ്രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുകയെന്നതായിരുന്നു ഷാജഹാന്റെ ലക്ഷ്യം. ഡെക്കാനിലെ ഷിയാമുസ്ലിം പ്രദേശങ്ങളെ പിടിച്ചടക്കി 'സുന്നി' വിശ്വാസം പ്രചരിപ്പിക്കുക ഷാജഹാന്റെ ഡെക്കാന്‍ നയത്തിന്റെ പ്രധാനഘടകമായിരുന്നു. ഡെക്കാനിലെ മുസ്ലിംരാജ്യങ്ങളുടെ കൂട്ടത്തില്‍ ബിജാപ്പൂരും ഗോല്‍ക്കൊണ്ടയും മുഗള്‍സാമ്രാജ്യത്തില്‍പ്പെട്ടിരുന്നില്ല. ബിജാപ്പൂര്‍ സുല്‍ത്താനായ മുഹമ്മദ് ആദില്‍ഷാ 1631-ല്‍ അഹമ്മദ് നഗറുമായി യോജിച്ച് മുഗളര്‍ക്കെതിരായി യുദ്ധത്തിലേര്‍പ്പെട്ടു. എന്നാല്‍ ആദില്‍ഷാ 1636-ല്‍ മുഗളരുമായി സന്ധിയില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിതനായി. 20 ലക്ഷം രൂപ വാര്‍ഷികക്കപ്പമായി മുഗളര്‍ക്കു കൊടുക്കാമെന്നു സുല്‍ത്താന്‍ സമ്മതിച്ചു; അഹമ്മദുനഗരത്തിലെ ചില പ്രദേശങ്ങള്‍ സുല്‍ത്താനെ ഏല്പിച്ചുകൊടുക്കാമെന്ന് മുഗളരും ഏറ്റു.

1656-ല്‍ മുഹമ്മദ് ആദില്‍ഷായുടെ നിര്യാണാനന്തരം അദ്ദേഹത്തിന്റെ 18 വയസ്സുമാത്രം പ്രായമുള്ള അലി ആദില്‍ഷാ സിംഹാസനാരൂഢനായി. ഇത് ആഭ്യന്തരകലാപങ്ങള്‍ക്കിടം നല്കി. അതിനെത്തുടര്‍ന്ന് അറംഗസീബ് 1657-ല്‍ ബിജാപ്പൂര്‍ ആക്രമിക്കുകയും ആ രാജ്യത്തിന്റെ മിക്കഭാഗങ്ങളും തന്റെ അധീനത്തില്‍ കൊണ്ടുവരികയും ചെയ്തു. ബിജാപ്പൂര്‍ അതോടെ മുഗളരുടെ സാമന്തരാജ്യമായി. മഹാരാഷ്ട്രനേതാവായ ശിവാജി (1630-80) 1659-ല്‍ ബിജാപ്പൂര്‍ ആക്രമിച്ച് അവിടത്തെ നേതാവായ അഫ്സല്‍ ഖാനെ വധിച്ചു. അതിനെത്തുടര്‍ന്ന് ബിജാപ്പൂര്‍ തുടര്‍ച്ചയായ മഹാരാഷ്ട്ര ആക്രമണങ്ങള്‍ക്കു വിധേയമായി. പ്രായപൂര്‍ത്തിയാകാത്ത സിക്കന്ദര്‍ അലി ഷാ ബിജാപ്പൂരില്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഗളരും മഹാരാഷ്ട്രരും ആ രാജ്യം ആക്രമിച്ച് മിക്ക പ്രദേശങ്ങളും കീഴടക്കി. 1686-ല്‍ അറംഗസീബ് ബിജാപ്പൂരിന്റെ തലസ്ഥാനം തന്നെ പിടിച്ചടക്കുകയും ശേഷിച്ച പ്രദേശങ്ങള്‍ മുഗള്‍സാമ്രാജ്യത്തില്‍ ലയിപ്പിക്കുകയും ചെയ്തു. 1700-ല്‍ തടവില്‍ക്കിടന്ന് അവസാനത്തെ ആദില്‍ഷാഹി സുല്‍ത്താനായ സിക്കന്ദര്‍ അന്തരിച്ചതോടെ ആദില്‍ഷാഹി വംശപരമ്പര അവസാനിച്ചു. ബിജാപ്പൂരിനെ മനോഹരമായ ഒരു നഗരമാക്കി പടുത്തുയര്‍ത്തിയത് ആദില്‍ഷാഹി രാജാക്കന്‍മാരാണ്. സാഹിത്യപോഷകന്‍മാരായിരുന്നു ഈ വംശത്തിലെ ഭരണാധിപര്‍. ഇബ്രാഹിം ആദില്‍ഷാ II-ന്റെ സംരക്ഷണയിലാണ് ഫിരിഷ്തതന്റെ ചരിത്രകൃതി (Gulshan-i-Ibrahimi) രചിച്ചത്. നോ: ബിജാപ്പൂര്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍